കൊവിഡ് വൈറസിന്റെ വ്യാപനത്തോടെയാണ് നമ്മിൽ പലരും വൈറസുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇത്രമേൽ ബോധവാന്മാരായത്. അതിനുമുൻപ് വരെ വൈറസുകളെക്കുറിച്ച് നാം കേൾക്കാറും പറയാറുമുണ്ടായിരുന്നെങ്കിലും കൺമുന്നിൽ കാണാൻ പോലും കഴിയാത്ത ഈ സൂക്ഷ്മാണുക്കൾ ഇത്രമേൽ അപകടകാരികൾ ആയിരിക്കുമെന്ന് നാം ചിന്തിച്ചിരുന്നില്ല.
യഥാർത്ഥത്തിൽ നമ്മുടെ ജീവിതം തന്നെ താറുമാറാക്കാൻ ശേഷിയുള്ള രോഗങ്ങളുടെ വാഹകരാണ് വൈറസുകൾ. എയ്ഡ്സ് മുതൽ കൊവിഡ് വരെ വിവിധതരം രോഗങ്ങളാണ് വൈറസുകൾ കാരണമുണ്ടാകുന്നത്. എന്നാൽ, രോഗം പടർത്തുന്ന വൈറസിനേക്കാൾ ആയിരം ഇരട്ടി വലിപ്പമുള്ള വമ്പൻ വൈറസുകളും നമ്മുടെ ഭൂമിയിൽ ഉണ്ട്. ഐസിലാണ് ഇവയിൽ പലതും കാണപ്പെടുന്നത് എന്ന് മാത്രം. ഉത്തര ധ്രുവ മേഖലയിലെ കട്ടിയേറിയ ഐസ് കവചമായ പെർമഫ്രോസ്റ്റിലാണ് കൂടുതലായും ഇവ കാണപ്പെടുന്നത്.
ശരീരത്തിലെത്തിയാൽ ഈ വൈറസ് അപകടകാരികളാണെങ്കിലും ഇവ പക്ഷേ ഐസിൽ സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിപരമായി ഗുണകരമാണ്. കാരണം കട്ടിയുള്ള ഈ ഐസ് കവചം മഞ്ഞുരുകൽ കുറയുന്നതിന് സഹായകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ഐസിൽ ആൽഗകൾ അമിതമായി വളരുന്നത് തടയാൻ ഇവ ഉപകരിക്കുമെന്നും ഡെൻമാർക്കിലെ പ്രശസ്തമായ ആർഹസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.